ഗുളികകളും വെള്ളവുമായി ആമിന കട്ടിലിനടുത്തെത്തി.താന്‍ വന്നത് ഉപ്പ അറിഞ്ഞിട്ടില്ല.പതിയെ തോളില്‍ തട്ടി അവള്‍ വിളിച്ചു,
''ഉപ്പാ......'' എണ്‍പത് കഴിഞ്ഞ ആ വൃദ്ധന്‍ വെളുത്ത കുറ്റിരോമങ്ങള്‍ നിറഞ്ഞ മുഖം തിരിച്ച് ആമിനയെ നോക്കി.നീട്ടിയ കൈകളിലേക്ക് അവള്‍ ഗുളികകളും വെള്ളവും നല്‍കി.പച്ച ഞരമ്പുകള്‍ എഴുന്നുനിന്ന ആ കൈകള്‍ വിറയ്ക്കുന്നു ണ്ടായിരുന്നു.പരസ്പരം ഒന്നും സംസാരിക്കാതെ വൃദ്ധന്‍ വീണ്ടും കട്ടിലിലേക്കും ആമിന പുറത്തേക്കും തിരിഞ്ഞു.
രണ്ടു ദിവസത്തേക്കുകൂടി ഗുളിക ഉണ്ട്.അതുകഴിഞ്ഞാല്‍ എന്താവും ചെയ്യുകയെന്ന് സത്യം പറഞ്ഞാല്‍ അവള്‍ക്കിപ്പോഴും അറിയില്ല.മുറിക്കകത്ത് ഫാത്തിമയും അന്‍വറും തളര്‍ന്ന് ഉറങ്ങുകയാണ്.അവള്‍ കുട്ടികളുടെ അടുത്തു പോയിരുന്നു.അന്‍വറിന്റെ തല പൊക്കി മടിയില്‍ വെച്ചു. എല്ലാം മറന്നുറങ്ങുന്ന മക്കളെ കണ്ടപ്പോള്‍ ആമിനയുടെ കണ്ണുകള്‍ നിറഞ്ഞു.അത് കവിളിലൂടെ ഒലിച്ചിറങ്ങി അന്‍വറിന്റെ ചുണ്ടു കളിലേക്കാനു വീണത്. ഒന്നനങ്ങി, അവന്‍ അത് നുണഞ്ഞ് ഇറക്കുന്നത് ആമിന ഞെട്ടലോടെ കണ്ടു.സര്‍വ നിയന്ത്രണങ്ങളും വിട്ട് അവള്‍ ഉറക്കെ കരഞ്ഞു.
''ആമിനാ...എന്താ മോളെ അവിടെ?''
ഈയിടെ എല്ലായ്പോഴും കണ്ണുകള്‍ അടച്ചും,ഒരിക്കലും ചെവികള്‍ അടയാതെ സൂക്ഷിച്ചും കൊണ്ടിരുന്ന ആ വൃദ്ധന്‍ ക്ഷീണിച്ച സ്വരത്തില്‍ വിളിച്ചുചോദിച്ചു.
''ഒന്നുമില്ലുപ്പാ''
ആമിന പെട്ടെന്നുറക്കെ പറഞ്ഞു.
ആജീവനാന്ത ഇന്‍ കമിംഗ് ഉറപ്പാക്കിയ തന്റെ മൊബൈല്‍ ഫോണില്‍ വല്ലപ്പോഴും വരുന്ന റിംഗ് ടോണാണ് ഇതിനു മുമ്പ് ഉപ്പയെ വിളിച്ചിരുന്നത്.താന്‍ നമ്പര്‍ നോക്കി കട്ട് ചെയ്യുമ്പോള്‍ ഉപ്പ തിരിഞ്ഞു കിടക്കും.കഴിഞ്ഞയാഴ്ച കദീജ വന്ന് കുറച്ചു നോട്ടുകള്‍ കയ്യില്‍ത്തന്നു. അത് കൊണ്ടുപോയതോടെ അതും തീര്‍ന്നു.
ഐസ്ക്രീം പാര്‍ലറുകളില്‍ ബഷീറിനും കുട്ടികള്‍ക്കുമൊപ്പം ചെന്നിരുന്ന സായാഹ്നങ്ങള്‍ മനസ്സിലേക്ക് ഇരമ്പിവന്നു....കൊതിയനായ അന്‍വര്‍ എന്തുമാത്രം ഐസ്ക്രീം കഴിച്ചിരുന്നു! പിന്നെ ഹോട്ടലുകളിലെ മേശപ്പുറത്തുനിരത്തിയ പലതരം വിഭവങ്ങള്‍...ബില്ലുകള്‍ കണ്ട് താന്‍ ഞെട്ടിയിരുന്നപ്പോഴോക്കെയും ബഷീര്‍ക്കാ ചിരിച്ചിരുന്നു. നോട്ടോകെട്ടുകള്‍ ഇക്കയ്ക്ക് കളിപ്പാട്ടങ്ങളായി മാറിയിരുന്നു.
അവിശ്വസനീയമായിരുന്നു തനിക്കെന്നും ജീവിതത്തിലെ മാറ്റങ്ങള്‍.കഷ്ടപ്പാടുകളും ദുരിതങ്ങളും നിറഞ്ഞ ബാല്യവും കൌമാരവും താണ്ടിയാണ് കാലം തന്നെ ബഷീര്‍ക്കായുടെ അടുത്തെത്തിച്ചത്.കടലോളം സ്നേഹം തന്നപ്പോഴും കഷ്ടപ്പാടുകളും കൂടെയുണ്ടായിരുന്നു.ഫാത്തിമ ജനിച്ചപ്പോള്‍ കാണാന്‍ വന്ന അജ്മലിനെ ആമിന ഓര്‍ത്തു. കൂട്ടുകാരനാണെന്ന് ഇക്കാ പരിചയപ്പെടുത്തി. പിന്നെ ഇടവിട്ടുള്ള സന്ദര്‍ശനങ്ങള്‍, ഇക്കായെയും കൂട്ടിയുള്ള സഞ്ചാരം,ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന അജ്ഞാതവാസം...
തന്റെ ജീവിതവും മാറുകയാണെന്ന് മനസ്സിലായി.സൌകര്യങ്ങള്‍,ആര്‍ഭാടം,സന്തോഷം എല്ലാം തന്നെത്തെടിയെത്തി. അപ്പോഴും അജ്മലിന്റെ കൂടെ ബഷീര്‍ ചെയ്തിരുന്ന ബിസിനസ്സിനെക്കുറിച്ച് ഉപ്പാ കൂടെക്കൂടെ അന്വേഷിക്കുന്നത് കേള്‍ക്കാമായിരുന്നു.ചിരിച്ചതല്ലാതെ അവന്‍ ഒന്നും പറഞ്ഞിരുന്നില്ല.അതേക്കുറിച്ച് അന്വേഷിക്കാന്‍ ഭാര്യയായ താന്‍ കാര്യമായി ശ്രമിച്ചിട്ടില്ലായിരുന്നുവെന്ന
തിരിച്ചറിവ് ആമിനയെ അലട്ടിക്കൊണ്ടിരുന്നു..
ഒരു പ്രഭാതത്തില്‍ പോലീസുകാരുടെ സംഘം വീട്ടുനടയില്‍ എത്തിയപ്പോള്‍ തകര്‍ന്നടിഞ്ഞത് തന്റെ സങ്കല്‍പ്പങ്ങളുടെ ചീട്ടുകൊട്ടാരമായിരുന്നു.ഓടിക്കയറിയ അവര്‍ അലമാരകളെല്ലാം വലിച്ചുതുറന്ന്,നോട്ടുകെട്ടുകള്‍ പെട്ടികളില്‍ നിറച്ച് കൊണ്ടുപോകുമ്പോള്‍ അന്‍വര്‍ ചൊടിച്ചു കൊണ്ടു പറഞ്ഞു,
''എന്റുപ്പാ ഇനിയും കൊണ്ടു വരൂല്ലോ ഉറുപ്പ്യ.''
പക്ഷെ,പിന്നില്‍ കൈകളില്‍ വിലങ്ങും,കുനിഞ്ഞ ശിരസ്സുമായി ബഷീറും പടിയിറങ്ങുന്നത് കണ്ടപ്പോഴേക്കും അവന്‍ കരയാന്‍ തുടങ്ങിയിരുന്നു.അജ്മലിനെക്കുറിച്ച് അവര്‍ ചോദിച്ച ഒരു ചോദ്യത്തിനുപോലും തനിക്കു മറുപടിയുണ്ടായിരുന്നില്ല. തകര്‍ന്ന ഹൃദയത്തോടെ ചാരുകസേരയിലേക്ക് വീണ ഉപ്പയെ ആശ്വസിപ്പിക്കാനും വാക്കുകള്‍ ഇല്ലായിരുന്നു.കൂട്ടാളികളെയും,കപടസമൃദ്ധി വിളയിച്ച യന്ത്രങ്ങളേയും പോലീസ്സ് സ്റ്റേഷനില്‍ എത്തിച്ചിട്ടുണ്ട് എന്ന് കേട്ടതോടെ താനും തകര്‍ന്നു.ഒരു സ്വപ്നം പോലെ,നുണ പറഞ്ഞതുപോലെ,തന്റെ ജീവിതം?
....എപ്പോഴാണ് ഉറങ്ങിപ്പോയത്?സമയം ആറര കഴിഞ്ഞു.ചായയ്ക്ക് ഉണ്ടാക്കിയ ദോശയ്ക്ക് ചമ്മന്തി പോരാതെ അന്‍വര്‍ വാശിപിടിച്ചു കരഞ്ഞു.ഫാത്തിമ ഇപ്പോള്‍ ഒന്നിനും വാശി പിടിക്കാറില്ല.ഓരോ നിമിഷവും അവളുടെ ചോദ്യങ്ങളെ ഭയപ്പെട്ടിരുന്ന തന്നെ അവള്‍ പക്ഷെ, ഒരിക്കലും ബുദ്ധിമുട്ടിച്ചിട്ടില്ല.
ബാങ്കിലൊന്ന് പോകണം.
ഷെല്‍ഫ് തുറന്നു തെരഞ്ഞെടുത്തത് പര്‍ദയാണ്.ഇതുവരെ താനത് ധരിച്ചിട്ടില്ല.വാങ്ങിക്കൊണ്ടു വന്നപ്പോള്‍ തന്റെ മുഖം ഇരുണ്ടതു ബഷീര്‍ ശ്രദ്ധിച്ചു,
''എന്താ ആമിനാ?''
അവന്‍ ചോദിച്ചു.
''എനിക്കിഷ്ടമല്ല ഇത്.''
താന്‍ പറഞ്ഞയുടനെ അവനതു അലമാരയ്ക്കകത്തെക്ക് വെച്ചു.
''ഇഷ്ടമില്ലെങ്കില്‍ നീ ധരിക്കേണ്ട.''
ഇഷ്ടവസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു,തനിക്ക്
. പര്‍ദ്ദ ധരിച്ച് ഇറങ്ങുമ്പോള്‍ ഉപ്പയോട് പറഞ്ഞു,
''ഞാന്‍ ബാങ്കിലേക്കൊന്നു പോയിട്ട് വരാം.''
എന്തിനാണെന്ന് ഉപ്പ ചോദിച്ചില്ല.
ബാങ്കിലേക്ക് കയറുമ്പോള്‍ വാതില്‍ക്കല്‍ നിന്ന രണ്ടു പേര്‍ തന്നെ നോക്കി അടക്കം പറയുന്നത് കണ്ടു.സ്വര്‍ണ്ണാഭരണങ്ങള്‍ പരിശോധിക്കുന്ന ആള്‍ വിശ്വാസം വരാത്തതുപോലെ വീണ്ടും വീണ്ടും മാറ്റ് നോക്കുന്നു.
മത്സ്യ മാര്‍ക്കറ്റില്‍ കയറി.ഇന്ന് കുറച്ചു ആവോലി തന്നെ വാങ്ങണം.അന്‍വരിന് സന്തോഷമാകും.മീന്‍ വാങ്ങി സഞ്ചിയിലിട്ടു പണം നല്‍കിയപ്പോള്‍ കച്ചവടക്കാരന്‍ പറഞ്ഞു,
''അഞ്ഞൂറ് വേണ്ട, തൊണ്ണൂറു രൂപ ചില്ലറ താ ''
കടം പറയാത്ത തന്നോട് എന്തിനാണ് ഇയാള്‍ പരുഷമായ സ്വരത്തില്‍ സംസാരിക്കുന്നത്?
''എന്റെ കയ്യില്‍ ചില്ലറ യില്ല.''
പതിയെയാണ് പറഞ്ഞത്.തൃപ്തി വരാതെ അയാള്‍ പലവട്ടം നോട്ടു തിരിച്ചും മറിച്ചും പരിശോധിച്ചു. ആ പച്ചനോട്ട് തന്നെ നോക്കി പരിഹസിച്ചു ചിരിക്കുന്നതായി ആമിനയ്ക്ക് തോന്നി.മീന്‍കാരന്‍ നീട്ടിയ ബാക്കി പൈസ വാങ്ങി തട്ടം താഴ്ത്തി മുഖം മറച്ചു കൊണ്ടു അവള്‍ വേഗം തിരിഞ്ഞു നടന്നു.....പര്‍ദ്ദ ലോകത്തില്‍ വെച്ച് ഏറ്റവും മഹത്തായ വസ്ത്രമാണെന്ന് അപ്പോള്‍ ആമിനയ്ക്ക് തോന്നി.