Sunday, September 25, 2011

പോക്കറ്റടി

ച്ചഭക്ഷണം കഴിഞ്ഞ് ക്ലാസ്സ്മുറിയില്‍ എന്തോ ചില ഒരുക്കങ്ങള്‍.വേഗം കഴിച്ചു കഴിഞ്ഞ ചിലര്‍ ക്ലാസ്സിലെത്തിയിട്ടുണ്ട്. പിന്നാലെ ഓരോരുത്തര്‍ എത്തിക്കൊണ്ടിരിക്കുന്നുമുണ്ട്.
              പെട്ടെന്ന് പുറത്തുനിന്ന് ഒരാരവം.ആരവം അടുത്തടുത്ത് വരുന്നുണ്ട്.എന്താണെന്ന് ശങ്കിച്ചുനില്‍ക്കുന്നതിനിടയില്‍ അത് ക്ലാസ്സ് മുറിയിലേക്കുതന്നെയാണ് എത്തിക്കൊണ്ടിരിക്കുന്നതെന്നു  മനസ്സിലായി.
       ആരവം മാത്രമല്ല ഒരു ചെറിയ ജാഥ തന്നെയുണ്ട്‌. ''വാടാ..വാടാ''എന്നുറക്കെ വിളിച്ചുകൊണ്ട്  മുന്നില്‍ കിരണ്‍.കിരണിന്റെ തൊട്ടു പിന്നില്‍ തലയും താഴ്ത്തിപ്പിടിച്ച് കുറ്റവാളിയെപ്പോലെ അഭിലാഷ്.അഭിലാഷിന്റെ ഇരു കൈകളും ഇരു ഭാഗത്തുമായി മുറുകെപ്പിടിച്ചുകൊണ്ട് അഖിലും സനലും.ഇരുവരും വിജയ ഭാവത്തില്‍ തല ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ട്.
        എനിക്കൊന്നും മനസ്സിലായില്ല.
             ''എന്താ,എന്താ ഇതൊക്കെ?'' എന്ന് ചോദിക്കുമ്പോഴേക്കും പിന്നില്‍ നിന്ന സജേഷ് ഓടി മുന്നിലെത്തി.
             ''ടീച്ചറേ, പോക്കറ്റടിച്ചു!'' അവന്‍ കിതയ്ക്കുന്നുണ്ടായിരുന്നു.
         ''പോക്കറ്റടിച്ചോ? ആര്? എവിടെ?'' എനിക്കൊന്നും പിടി കിട്ടിയില്ല.
      ''സത്യമായിട്ടും അതേ ടീച്ചറേ,അഭിലാഷ് കിരണിന്റെ പോക്കറ്റടിച്ചു.'' സജേഷിനു പിന്തുണയുമായി കൂടുതല്‍ പേര്‍ സംസാരിക്കാനാരംഭിച്ചു.ആകെ ബഹളം.
             ''ശ്ശെ,നിര്‍ത്ത്'' ഞാന്‍ ഒച്ച വെച്ചു.
           ''എല്ലാവരും മിണ്ടാതെ അവരവരുടെ സീറ്റില്‍ പ്പോയിരിക്ക്.'' സംശയിച്ചു നിന്നവരെ നിര്‍ബന്ധിച്ച് പറഞ്ഞയച്ചു.  
            അഭിലാഷ് തല കുനിച്ച് അവിടെത്തന്നെ നില്‍പ്പാണ്.ക്ലാസ്സില്‍ നിശ്ശബ്ദത.ടീച്ചര്‍ എന്താണ് ചെയ്യാന്‍ പോകുന്നത് എന്നറിയാനുള്ള ആകാംക്ഷ എല്ലാ കണ്ണുകളിലും ഉണ്ട്.ഞാന്‍ കൈവിരലുകള്‍ കൊണ്ട് അവന്റെ താടി പിടിച്ചുയര്‍ത്തി.ഇപ്പോളാണവന്‍ എന്റെ നേരെ നോക്കിയത്.അവന് എന്തോ പറയാനുണ്ടെന്ന്  ആ കണ്ണുകളില്‍ നിന്ന് മനസ്സിലായി.
        ഞാന്‍ അവന്റെ വലംകയ്യില്‍  പിടിച്ചുകൊണ്ട്  തൊട്ടടുത്ത മുറിയിലേക്കു നടന്നു.അവിടെ യുണ്ടായിരുന്ന കസേരയിലിരുന്നുകൊണ്ട് ഞാന്‍ അവനെ ചേര്‍ത്തു പിടിച്ചു.
           ''അഭിലാഷ്,എന്താ കാര്യം?'' പതുക്കെയാണ് ചോദിച്ചത്.
ചോദിക്കാന്‍ ഇത്രയും സമയം കാത്തിരുന്നതുപോലെ പെട്ടെന്ന് അവന്‍ പറയാന്‍ തുടങ്ങി.
                  ''അതില്ലേ,ആങ്ങളെ* ജിത്തൂട്ടന്റെ വര്‍ത്ത്ട*ണ്ട്,നാറായ്ച്ച*...മാമനും ചിത്രച്ചേച്ചിമെല്ലാം സമ്മാനം കൊട്ക്ക്ന്ന്‌ണ്ട്, എക്കും കൊട്ക്കണം..  അയിനാന്  ഞാന്‍....''
                         പെട്ടെന്നവന്‍ നിര്‍ത്തി. 
              ''അതിന് നീ എന്ത് ചെയ്തു?..പറ..''  ഞാന്‍ തിരക്ക് കൂട്ടി.
   ''സമ്മാനം മേണിച്ചോട്ക്കാന്‍  പൈസ അച്ചന്‍ തന്നിറ്റ. അതോണ്ടാണ് ഞാന്‍ എട്ത്തിനി..കിരണ്‍ കഞ്ഞി കുടിക്കാനിര്ന്നപ്പം  ഓന്റെ  പേന്റിന്റെ വയ്യലത്തെ കീശേന്ന്,ഐന്റെ കയറ്‌ പൊറത്തേക്ക്  കണ്ടപ്പം ഞാന്‍ എട്ത്തു.'' സംഭവം അവന്‍ പൂര്‍ണമായി വിശദീകരിച്ചു.
       പോരല്ലോ,തൊണ്ടിസാധനം ഇനിയും കണ്ടിട്ടില്ല,
                ''എന്നിട്ട് നീ എടുത്ത സാധനം എവിടെ?''
          ആകാംക്ഷയോടെ  ഞാന്‍ വീണ്ടും ഇടപെട്ടു.    
                 അവന്‍ മടിച്ചുമടിച്ച് കൈ ട്രൌസറിന്റെ പോക്കറ്റിലേക്കു താഴ്ത്തി.വലിച്ചെടുത്തത് പച്ച നിറത്തിലുള്ള ഒരു വിസില്‍.അതിന്റെ അറ്റത്ത്‌ ഓറഞ്ചു നിറത്തിലുള്ള ചരട് തൂങ്ങിക്കിടപ്പുണ്ട്.
                              ഞാനത് എന്റെ കയ്യില്‍ വാങ്ങി.നോക്കിക്കൊണ്ടിരിക്കേ,അതൊരു വലിയ മിനുസമുള്ള വെള്ളാരങ്കല്ലായി മാറി.ഏതാണ്ടൊരുവര്‍ഷം മുമ്പ്,എനിക്കെന്റെ ചെറിയ മകന്റെ ട്രൌസര്‍ അലക്കാന്‍ വേണ്ടി  എടുത്തപ്പോള്‍ അതിന്റെ കീശയില്‍ നിന്നും കിട്ടിയതും,പിന്നീട് പല തവണ അവനത് അന്വേഷിച്ചു നടക്കുന്നത്‌ കണ്ടിട്ടും, തിരിച്ചു കൊടുക്കാതെ ഞാന്‍ ഒളിപ്പിച്ചു വെച്ചതും ആയിരുന്നു ആ വെള്ളാരങ്കല്ല്.   
 (*ആങ്ങളെ-ഞങ്ങളുടെ ,വര്‍ത്ത്ട-birth day, നാറായ്ച്ച-ഞായറാഴ്ച)