Sunday, December 26, 2010

പാഴ് വിനിമയങ്ങൾ

           ഗുളികകളും വെള്ളവുമായി ആമിന കട്ടിലിനടുത്തെത്തി.താന്‍ വന്നത് ഉപ്പ അറിഞ്ഞിട്ടില്ല.പതിയെ തോളില്‍ തട്ടി അവള്‍ വിളിച്ചു,           
                 ''ഉപ്പാ......''                                                                                                                              എണ്‍പത്  കഴിഞ്ഞ ആ വൃദ്ധന്‍ വെളുത്ത കുറ്റിരോമങ്ങള്‍ നിറഞ്ഞ മുഖം തിരിച്ച്  ആമിനയെ നോക്കി.നീട്ടിയ കൈകളിലേക്ക് അവള്‍ ഗുളികകളും വെള്ളവും നല്‍കി.പച്ച ഞരമ്പുകള്‍ എഴുന്നുനിന്ന ആ കൈകള്‍ വിറയ്ക്കുന്നു ണ്ടായിരുന്നു.പരസ്പരം ഒന്നും സംസാരിക്കാതെ വൃദ്ധന്‍ വീണ്ടും കട്ടിലിലേക്കും  ആമിന പുറത്തേക്കും തിരിഞ്ഞു.                            
              രണ്ടു ദിവസത്തേക്കുകൂടി  ഗുളിക ഉണ്ട്.അതുകഴിഞ്ഞാല്‍ എന്താവും ചെയ്യുകയെന്ന്  സത്യം പറഞ്ഞാല്‍ അവള്‍ക്കിപ്പോഴും അറിയില്ല.മുറിക്കകത്ത് ഫാത്തിമയും അന്‍വറും തളര്‍ന്ന് ഉറങ്ങുകയാണ്.അവള്‍ കുട്ടികളുടെ അടുത്തു പോയിരുന്നു.അന്‍വറിന്റെ  തല പൊക്കി മടിയില്‍ വെച്ചു. എല്ലാം മറന്നുറങ്ങുന്ന മക്കളെ കണ്ടപ്പോള്‍ ആമിനയുടെ കണ്ണുകള്‍ നിറഞ്ഞു.അത് കവിളിലൂടെ ഒലിച്ചിറങ്ങി അന്‍വറിന്റെ ചുണ്ടു കളിലേക്കാനു വീണത്‌.  ഒന്നനങ്ങി,  അവന്‍ അത് നുണഞ്ഞ് ഇറക്കുന്നത്‌ ആമിന ഞെട്ടലോടെ കണ്ടു.സര്‍വ നിയന്ത്രണങ്ങളും വിട്ട്  അവള്‍ ഉറക്കെ കരഞ്ഞു.                  
                ''ആമിനാ...എന്താ മോളെ അവിടെ?''
  ഈയിടെ എല്ലായ്പോഴും കണ്ണുകള്‍ അടച്ചും,ഒരിക്കലും ചെവികള്‍ അടയാതെ സൂക്ഷിച്ചും കൊണ്ടിരുന്ന ആ വൃദ്ധന്‍ ക്ഷീണിച്ച സ്വരത്തില്‍ വിളിച്ചുചോദിച്ചു.
             ''ഒന്നുമില്ലുപ്പാ''
                        ആമിന പെട്ടെന്നുറക്കെ   പറഞ്ഞു.
  ആജീവനാന്ത ഇന്‍ കമിംഗ് ഉറപ്പാക്കിയ തന്റെ മൊബൈല്‍ ഫോണില്‍ വല്ലപ്പോഴും വരുന്ന റിംഗ് ടോണാണ് ഇതിനു മുമ്പ് ഉപ്പയെ വിളിച്ചിരുന്നത്‌.താന്‍ നമ്പര്‍ നോക്കി കട്ട് ചെയ്യുമ്പോള്‍ ഉപ്പ തിരിഞ്ഞു കിടക്കും.കഴിഞ്ഞയാഴ്ച കദീജ വന്ന് കുറച്ചു നോട്ടുകള്‍ കയ്യില്‍ത്തന്നു.  അത് കൊണ്ടുപോയതോടെ  അതും തീര്‍ന്നു.
                ഐസ്ക്രീം പാര്‍ലറുകളില്‍ ബഷീറിനും കുട്ടികള്‍ക്കുമൊപ്പം ചെന്നിരുന്ന സായാഹ്നങ്ങള്‍ മനസ്സിലേക്ക് ഇരമ്പിവന്നു....കൊതിയനായ അന്‍വര്‍ എന്തുമാത്രം ഐസ്ക്രീം കഴിച്ചിരുന്നു! പിന്നെ ഹോട്ടലുകളിലെ   മേശപ്പുറത്തുനിരത്തിയ  പലതരം വിഭവങ്ങള്‍...ബില്ലുകള്‍ കണ്ട്‌ താന്‍ ഞെട്ടിയിരുന്നപ്പോഴോക്കെയും ബഷീര്‍ക്കാ ചിരിച്ചിരുന്നു. നോട്ടോകെട്ടുകള്‍  ഇക്കയ്ക്ക് കളിപ്പാട്ടങ്ങളായി മാറിയിരുന്നു.
          അവിശ്വസനീയമായിരുന്നു തനിക്കെന്നും ജീവിതത്തിലെ മാറ്റങ്ങള്‍.കഷ്ടപ്പാടുകളും ദുരിതങ്ങളും  നിറഞ്ഞ ബാല്യവും കൌമാരവും താണ്ടിയാണ്  കാലം തന്നെ ബഷീര്‍ക്കായുടെ അടുത്തെത്തിച്ചത്.കടലോളം സ്നേഹം തന്നപ്പോഴും കഷ്ടപ്പാടുകളും കൂടെയുണ്ടായിരുന്നു.ഫാത്തിമ ജനിച്ചപ്പോള്‍ കാണാന്‍ വന്ന അജ്മലിനെ ആമിന ഓര്‍ത്തു. കൂട്ടുകാരനാണെന്ന് ഇക്കാ പരിചയപ്പെടുത്തി. പിന്നെ   ഇടവിട്ടുള്ള സന്ദര്‍ശനങ്ങള്‍, ഇക്കായെയും കൂട്ടിയുള്ള സഞ്ചാരം,ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന അജ്ഞാതവാസം...
               തന്റെ ജീവിതവും മാറുകയാണെന്ന് മനസ്സിലായി.സൌകര്യങ്ങള്‍,ആര്‍ഭാടം,സന്തോഷം എല്ലാം തന്നെത്തെടിയെത്തി. അപ്പോഴും അജ്മലിന്റെ കൂടെ ബഷീര്‍ ചെയ്തിരുന്ന ബിസിനസ്സിനെക്കുറിച്ച് ഉപ്പാ കൂടെക്കൂടെ അന്വേഷിക്കുന്നത് കേള്‍ക്കാമായിരുന്നു.ചിരിച്ചതല്ലാതെ അവന്‍ ഒന്നും പറഞ്ഞിരുന്നില്ല.അതേക്കുറിച്ച്  അന്വേഷിക്കാന്‍  ഭാര്യയായ താന്‍ കാര്യമായി ശ്രമിച്ചിട്ടില്ലായിരുന്നുവെന്ന
തിരിച്ചറിവ് ആമിനയെ  അലട്ടിക്കൊണ്ടിരുന്നു..
       ഒരു പ്രഭാതത്തില്‍ പോലീസുകാരുടെ സംഘം വീട്ടുനടയില്‍ എത്തിയപ്പോള്‍ തകര്‍ന്നടിഞ്ഞത് തന്റെ സങ്കല്‍പ്പങ്ങളുടെ ചീട്ടുകൊട്ടാരമായിരുന്നു.ഓടിക്കയറിയ അവര്‍ അലമാരകളെല്ലാം വലിച്ചുതുറന്ന്,നോട്ടുകെട്ടുകള്‍ പെട്ടികളില്‍ നിറച്ച്   കൊണ്ടുപോകുമ്പോള്‍ അന്‍വര്‍ ചൊടിച്ചു കൊണ്ടു  പറഞ്ഞു,
       ''എന്റുപ്പാ ഇനിയും കൊണ്ടു വരൂല്ലോ ഉറുപ്പ്യ.''
പക്ഷെ,പിന്നില്‍ കൈകളില്‍ വിലങ്ങും,കുനിഞ്ഞ ശിരസ്സുമായി ബഷീറും പടിയിറങ്ങുന്നത്‌  കണ്ടപ്പോഴേക്കും അവന്‍ കരയാന്‍ തുടങ്ങിയിരുന്നു.അജ്മലിനെക്കുറിച്ച്   അവര്‍ ചോദിച്ച ഒരു ചോദ്യത്തിനുപോലും തനിക്കു മറുപടിയുണ്ടായിരുന്നില്ല.  തകര്‍ന്ന ഹൃദയത്തോടെ ചാരുകസേരയിലേക്ക് വീണ ഉപ്പയെ ആശ്വസിപ്പിക്കാനും വാക്കുകള്‍ ഇല്ലായിരുന്നു.കൂട്ടാളികളെയും,കപടസമൃദ്ധി വിളയിച്ച യന്ത്രങ്ങളേയും പോലീസ്സ് സ്റ്റേഷനില്‍ എത്തിച്ചിട്ടുണ്ട് എന്ന് കേട്ടതോടെ താനും തകര്‍ന്നു.ഒരു സ്വപ്നം പോലെ,നുണ പറഞ്ഞതുപോലെ,തന്റെ ജീവിതം?
          ....എപ്പോഴാണ് ഉറങ്ങിപ്പോയത്?സമയം ആറര കഴിഞ്ഞു.ചായയ്ക്ക് ഉണ്ടാക്കിയ ദോശയ്ക്ക് ചമ്മന്തി പോരാതെ അന്‍വര്‍ വാശിപിടിച്ചു കരഞ്ഞു.ഫാത്തിമ ഇപ്പോള്‍ ഒന്നിനും വാശി പിടിക്കാറില്ല.ഓരോ നിമിഷവും അവളുടെ ചോദ്യങ്ങളെ ഭയപ്പെട്ടിരുന്ന തന്നെ  അവള്‍  പക്ഷെ, ഒരിക്കലും ബുദ്ധിമുട്ടിച്ചിട്ടില്ല.
                    ബാങ്കിലൊന്ന് പോകണം.
             ഷെല്‍ഫ് തുറന്നു തെരഞ്ഞെടുത്തത് പര്‍ദയാണ്‌.ഇതുവരെ താനത് ധരിച്ചിട്ടില്ല.വാങ്ങിക്കൊണ്ടു വന്നപ്പോള്‍ തന്റെ മുഖം ഇരുണ്ടതു ബഷീര്‍   ശ്രദ്ധിച്ചു,
                ''എന്താ ആമിനാ?''          
                          അവന്‍ ചോദിച്ചു.
                 ''എനിക്കിഷ്ടമല്ല ഇത്.''
          താന്‍ പറഞ്ഞയുടനെ അവനതു അലമാരയ്ക്കകത്തെക്ക്  വെച്ചു.   
              ''ഇഷ്ടമില്ലെങ്കില്‍ നീ ധരിക്കേണ്ട.''
                                 ഇഷ്ടവസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു,തനിക്ക്‌
.                                പര്‍ദ്ദ ധരിച്ച്‌    ഇറങ്ങുമ്പോള്‍ ഉപ്പയോട്‌ പറഞ്ഞു,
              ''ഞാന്‍ ബാങ്കിലേക്കൊന്നു പോയിട്ട് വരാം.''
                                  എന്തിനാണെന്ന് ഉപ്പ ചോദിച്ചില്ല.
                  ബാങ്കിലേക്ക് കയറുമ്പോള്‍ വാതില്‍ക്കല്‍ നിന്ന രണ്ടു പേര്‍ തന്നെ നോക്കി അടക്കം പറയുന്നത് കണ്ടു.സ്വര്‍ണ്ണാഭരണങ്ങള്‍ പരിശോധിക്കുന്ന ആള്‍  വിശ്വാസം വരാത്തതുപോലെ വീണ്ടും വീണ്ടും മാറ്റ് നോക്കുന്നു.
                      മത്സ്യ മാര്‍ക്കറ്റില്‍ കയറി.ഇന്ന് കുറച്ചു ആവോലി തന്നെ വാങ്ങണം.അന്‍വരിന്  സന്തോഷമാകും.മീന്‍ വാങ്ങി സഞ്ചിയിലിട്ടു പണം നല്‍കിയപ്പോള്‍ കച്ചവടക്കാരന്‍ പറഞ്ഞു,
              ''അഞ്ഞൂറ് വേണ്ട, തൊണ്ണൂറു രൂപ  ചില്ലറ താ ''
കടം പറയാത്ത തന്നോട്  എന്തിനാണ് ഇയാള്‍ പരുഷമായ സ്വരത്തില്‍ സംസാരിക്കുന്നത്?
             ''എന്റെ കയ്യില്‍ ചില്ലറ യില്ല.''
                              പതിയെയാണ് പറഞ്ഞത്.തൃപ്തി വരാതെ അയാള്‍ പലവട്ടം നോട്ടു തിരിച്ചും മറിച്ചും പരിശോധിച്ചു. ആ പച്ചനോട്ട്‌ തന്നെ നോക്കി പരിഹസിച്ചു ചിരിക്കുന്നതായി ആമിനയ്ക്ക് തോന്നി.മീന്‍കാരന്‍ നീട്ടിയ ബാക്കി പൈസ വാങ്ങി തട്ടം താഴ്ത്തി മുഖം മറച്ചു കൊണ്ടു അവള്‍ വേഗം തിരിഞ്ഞു നടന്നു.....പര്‍ദ്ദ ലോകത്തില്‍ വെച്ച് ഏറ്റവും മഹത്തായ വസ്ത്രമാണെന്ന് അപ്പോള്‍ ആമിനയ്ക്ക് തോന്നി.

40 comments:

ഹംസ said...

അത് കവിളിലൂടെ ഒലിച്ചിറങ്ങി അന്‍വറിന്റെ ചുണ്ടു കളിലേക്കാനു വീണത്‌. ഒന്നനങ്ങി, അവന്‍ അത് നുണഞ്ഞ് ഇറക്കുന്നത്‌ ആമിന ഞെട്ടലോടെ കണ്ടു.സര്‍വ നിയന്ത്രണങ്ങളും വിട്ട് അവള്‍ ഉറക്കെ കരഞ്ഞു.

ഇതുവായിച്ചപ്പോള്‍ മനസ്സ് ഒന്ന് നൊന്തു. ..

കഥ നന്നായിരിക്കുന്നു ..

jazmikkutty said...

കഥ നന്നായിരിക്കുന്നു ..

വിനുവേട്ടന്‍|vinuvettan said...

ഹംസഭായ്‌ പറഞ്ഞത്‌ തന്നെ എനിക്കും പറയാനുള്ളത്‌.. അ വരികള്‍ മനസ്സില്‍ തട്ടി...

ശ്രീ said...

കഥ നന്നായി

പുതുവത്സരാശംസകള്‍ ...

faisu madeena said...

"അതേക്കുറിച്ച് അന്വേഷിക്കാന്‍ ഭാര്യയായ താന്‍ കാര്യമായി ശ്രമിച്ചിട്ടില്ലായിരുന്നുവെന്ന
തിരിച്ചറിവ് "ആയിഷയെ" അലട്ടിക്കൊണ്ടിരുന്നു..
ആയിഷ എന്ന് തന്നെയാണോ ടീച്ചറെ.??


കഥ ഇഷ്ട്ടായി ...

suma teacher said...

കഥവരമ്പത്തൂടെ വന്ന്,അഭിപ്രായങ്ങളും ആശംസകളും അറിയിച്ചവര്‍ക്ക്‌ നന്ദി!
ഫൈസു,
ആയിഷയല്ല..ആമിന തന്നെയാണ്.തെറ്റ് തിരുത്തിയിരിക്കുന്നു!മലയാളം ശരിക്കും അറിയില്ലെന്ന് വെറുതെ പറയുന്നതാ..അല്ലേ?

Akbar said...

:)

സാബിബാവ said...

ഹൃദയത്തില്‍ തോടും വിധം കഥ പറഞ്ഞു...

സുജിത് കയ്യൂര്‍ said...

Ishtamaayi

faisu madeena said...

എഴുതാനാണ് അറിയാത്തത് ...വായിക്കാന്‍ മുടുക്കനാ ....!!!

പോരാത്തതിന് മറ്റുള്ളവരുടെ തെറ്റുകള്‍ കണ്ടെത്താന്‍ ഭയങ്കര 'മുടുക്കാ'....!!!!

Muneer N.P said...

കഥ വായിച്ചു..കൊള്ളാം.
പര്‍ദ്ദ ലോകത്തില്‍ വെച്ച് ഏറ്റവും മഹത്തായ വസ്ത്രമാണെന്ന് ആമിനക്ക് അവസാനം തോന്നിയല്ലോ.. അതു നന്നായി..

DIV▲RΣTT▲Ñ said...

'ആമിന'യെപ്പോലെ പര്‍ദ്ദ ധരിക്കേണ്ട ഗതികേട് ഒരു പെണ്ണിനും ഉണ്ടാകാതിരിക്കട്ടെ.
ഒരു കഥ/സംഭവം നല്ല രീതിയില്‍ പറഞ്ഞു.

Vinod Kooveri said...

നന്നായിട്ടുണ്ട്
ആശംസകള്‍

www.mukkutti.blogspot.com

Akbar said...

പാഴ്വിനിമയങ്ങള്‍കൊണ്ട് പണിത ചീട്ടുകൊട്ടാരത്തിലെ ക്ഷണിക സൌഭാഗ്യങ്ങളുടെ അനിവാര്യ പതനത്തെ കഥയുടെ ആദ്യ ഭാഗത്തില്‍ ടീച്ചര്‍ കൃത്യമായി അടയാളപ്പെടുത്തി. എന്നാല്‍ അതിന്റെ ബാക്കിപത്രം കഥയുടെ അവസാന ഭാഗത്ത് വ്യക്തമായി പ്രതിഫലിപ്പിക്കാന്‍ കഴിഞ്ഞോ എന്നൊരു സംശയം. കഥ പര്‍ദ്ദയിലേക്ക് തിരിഞ്ഞപ്പോള്‍ കഥാതന്തുവില്‍ നിന്ന് മറ്റൊരു ബിംബത്തിലേക്ക് വായനക്കാരുടെ ശ്രദ്ധ മാറിപ്പോയി എന്ന് എനിക്ക് തോന്നുന്നു.

It is only my opinion. You may right. More over your writing skill and style of narration is excellent. Keep writing more stories. All the best.

ആദൃതന്‍ | Aadruthan said...

നന്നായി എഴുതി ടീച്ചറെ. പുതുവത്സരാശംസകള്‍

സിദ്ധീക്ക.. said...

കഥ നന്നായി പറഞ്ഞു ടീച്ചര്‍ , ഭാഷയും ശൈലിയു ഇഷ്ടപ്പെട്ടു ,
കൂടുതല്‍ നല്ലതു പ്രതീക്ഷിക്കുന്നു എല്ലാ വിധ ഭാവുകങ്ങളും ..

ഉപാസന || Upasana said...

ചുറ്റുപാടുകളീല്‍ കാണുന്നതു കൂടാതെ കാണാത്തതിനെ പറ്റിയും കഥനം ന്‍ അടത്തുക, ആവിഷ്കരിക്കാന്‍ ശ്രമിക്കുക. എഴുത്ത് യാന്ത്രികമായിപ്പോയി തുടക്കത്തില്‍. എങ്കിലും ഒരു തുടക്കക്കാരിയെ സംബന്ധിച്ച് ഇതു ധാരാളം
:-)
ഉപാസന

ജീവി കരിവെള്ളൂര്‍ said...

ഈ ലോകത്ത് പര്‍ദ്ദ തന്നെ നല്ല വേഷം .ആരാലും തിരിച്ചറിയപ്പെടാത എല്ലാവരേം തിരിച്ചറിയാനായ് കണ്ണുകള്‍ തുറന്നുവയ്ക്കാം . കണ്ണും കാതും തുറന്നു വയ്ക്കണം .ചിലപ്പോഴെങ്കിലും അത് ഉപകരിക്കും

sreee said...

കഥ വളരെ നന്നായിരിക്കുന്നു.

suma teacher said...

സ്തുതിപാടകരുടെ ലോകമല്ല ബൂലോകം എന്ന് എനിക്ക് മനസ്സിലായി.സ്വയം തിരുത്താനും,എഴുതുംമുമ്പ് രണ്ടുവട്ടം ആലോചിക്കാനും പ്രേരിപ്പിക്കുന്ന തരത്തിലുള്ള കമന്റുകള്‍ കണ്ടതില്‍ അതിയായ സന്തോഷം!ഇതുതന്നെയാണ് എനിക്കിഷ്ടം.....
അക്ബരിക്കാ,
വിമര്‍ശനബുദ്ധ്യായുള്ള കമന്റുകള്‍ക്ക് തുടക്കമിട്ട താങ്കള്‍ക്കു പ്രത്യേക നന്ദി.'പര്‍ദ്ദ'വായനക്കാരെ മറ്റൊരു ദിശയിലേക്കു നയിച്ചുവോ?ചില പ്രതികരണങ്ങള്‍ കണ്ടപ്പോള്‍ സത്യത്തില്‍ എനിക്കും അങ്ങനെ തോന്നാതിരുന്നില്ല.
...കള്ളനോട്ടുകേസില്‍ പിടിക്കപ്പെട്ട്,കൈകള്‍ പിന്നില്‍ കെട്ടി,തലയും കുനിച്ചു നില്‍ക്കുന്ന യുവാക്കളുടെ ഫോട്ടോ പത്രത്തില്‍ കാണുമ്പോഴൊക്കെ ഞാന്‍ ഓര്‍ത്തത് അവരുടെ കുടുംബത്തിന്റെ ഭാവിയെക്കുറിച്ചാണ്!സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരിടേണ്ടി വരുന്ന അപമാനത്തെക്കുറിച്ചാണ്!!
ഇഷ്ടമില്ലെങ്കില്‍പോലും പര്‍ദയ്ക്കുള്ളില്‍ അഭയം തേടാന്‍ സ്വയം തീരുമാനിച്ച ആമിന അവരില്‍ ഒരാള്‍ മാത്രം.പാഴ്വിനിമയങ്ങലുടെ ബാക്കിപത്രമായി ഞാന്‍ കണ്ടതും ഇതുതന്നെ...
മുന്നീര്‍,
ദിവാരേട്ടന്‍,
ജീവി,
.....പ്രതികരണം ഏന്തേ 'പര്‍ദ്ദ' യില്‍ മാത്രം ഒതുങ്ങി?അക്ബരിക്ക പറഞ്ഞതുപോലെ..
ഉപാസന,
തുടക്കക്കാരിക്കു പിന്തുണയുമായി കൂടെത്തന്നെ കാണണേ!

എല്ലാ നല്ല വാക്കുകള്‍ക്കും,വിമര്‍ശനങ്ങള്‍ക്കും,ഉപദേശ-നിര്‍ദേശങ്ങള്‍ക്കും ഒരുപോലെ നന്ദി! നന്ദി!!

കലാധരന്‍.ടി.പി. said...

ഗുളികകളും വെള്ളവുമായി ആമിന കഥ തുടങ്ങുന്നു.
പര്‍ദയാണ്‌ ലോകത്തിലെ ഏറ്റവും മഹത്തായ വസ്ത്രമെന്നു തിരിച്ചറിവോടെ ആമിന കഥയില്‍ നിന്ന് ഇറങ്ങിപ്പോകുന്നു.
ആര്‍ക്കാണ് ഗുളികയും വെള്ളവും വേണ്ടത്.?എന്ന ചോദ്യമാണ് കഥയുടെ നെഞ്ചില്‍.
ചായക്കുണ്ടാക്കിയ ദോശയ്ക്ക് ചമ്മന്തി പോരാതെ വരുന്ന വീടുകളിലെ ആമിനമാര്‍..- അവരുടെ പര്‍ദ്ദ ക്കുള്ളില്‍ അവരുടെതല്ലാത്ത കുറ്റത്താല്‍ മുഷിഞ്ഞു പോയ ജീവിതം എഴുന്നു നില്‍പ്പുണ്ട്.-ആരോ നുണ പറഞ്ഞ പോലെയുള്ള ജീവിതം.
കവിളിലൂടെ ഒലിച്ചിറങ്ങി അന്വറിന്റെ ചുണ്ടില്‍ വീണ ദുരിതം അവന്‍ നുണ ഞ്ഞി റ ക്കുന്നത് ഞെട്ടിപ്പിക്കുന്ന കാഴ്ച തന്നെ.
നല്ല കഥ.ആമിനമാരുടെ അമ്മമാരുടെ ഈ കഥയില്‍ ജീവിതത്തിന്റെ പച്ച ഞരമ്പുകള്‍.
പരസ്പരം ഉരിയാടാത്ത വീടുകളില്‍ ബാങ്കും ഷെല്‍ഫും ഒക്കെ എന്തിനു മീഞ്ചന്ത പോലും പുതിയ തിരിയാത്ത ഭാഷ സംസാരിക്കും.ചെവികള്‍ അടയാത്തവര്‍ക്ക് മനസ്സിലാകും ..
ഒന്നുമില്ലുപ്പ എന്ന മറുപടിയുടെ അഗ്നി.
കഥ ഒന്ന് കൂടി ഒതുക്കാമായിരുന്നു.ഇനിയുമാവാം..

suma teacher said...

കലാധരന്‍ മാഷ്‌,
കഥ വിലയിരുത്തിയതിനു നന്ദി!എല്ലാ നിര്‍ദേശങ്ങളും പരിഗണിച്ച് ഞാന്‍ എന്റെ കഥയെ ഒന്ന് എഡിറ്റു ചെയ്തു നോക്കട്ടെ?കൂടുതല്‍ മെച്ചപ്പെട്ട ഒന്നായി മാറിയാലോ....
ഞങ്ങളുടെ സ്കൂള്‍ ബ്ലോഗായ 'തീരവാണി'യില്‍ നിന്നും കിട്ടിയ ആവേശമാണ് എന്നെ 'കഥവരമ്പത്ത്' എത്തിച്ചത്.അതിനു വഴികാട്ടിയായതോ,'ചൂണ്ടുവിരലും'!
....വായനക്കാരുടെ വിലയേറിയ അഭിപ്രായങ്ങള്‍ തുടര്‍ന്നും പ്രതീക്ഷിക്കുന്നു.

ചെറുവാടി said...

ഒരിക്കല്‍ ഇത് വായിച്ചു പോയതാണ്. കഥ ഇഷ്ടപ്പെട്ടില്ല എന്ന് ഞാന്‍ പറയുന്നില്ല. പക്ഷെ അക്ബര്‍ പറഞ്ഞപോലെ കഥയുടെ കഥയുടെ അവസാനം തന്നെയാണ് ഒരു അഭിപ്രായം പറയുന്നതില്‍ എന്നെ വിലക്കിയത്. വായിച്ചുവന്നത് മറന്നു മറ്റൊരു വിഷയത്തിലെക്കായിപ്പോയി ചര്‍ച്ചകള്‍. പക്ഷെ കമ്മന്റുകളിലെ വിമര്‍ശനത്തെ ടീച്ചര്‍ സമീപ്പിച്ച രീതിയോട് എനിക്ക് സന്തോഷം തോന്നുന്നു. മികച്ച കഥകളുമായി ഇനിയും വരിക.
നന്മയും ഐശ്വര്യവും നിറഞ്ഞ ഒരു പുതുവര്‍ഷം ആശംസിക്കുന്നു.

മിസിരിയനിസാര്‍ said...

കഥ നന്നായി

seetha.raman said...

ടീച്ചര്‍ നല്ല കഥ ഇനിയും എഴുതുക

ഇസ്ഹാഖ് കുന്നക്കാവ്‌ said...

നാം ഉള്‍കൊള്ളുന്ന സമൂഹം ഇങ്ങനെയാണ് പഠിക്കണമെങ്കില്‍ ... അല്ലെങ്കില്‍ അറിയേണ്ടത് അറിയുന്നില്ലെങ്കില്‍ അനുഭവിച്ചറിയുക തന്നെ വേണം.
രസകരമായ് അത് അവതരിപ്പിച്ചു ... ആശംസകള്‍

സ്വപ്നസഖി said...

''എന്റുപ്പാ ഇനിയും കൊണ്ടു വരൂല്ലോ ഉറുപ്പ്യ.''

കുട്ടികളുടെ നിഷ്ക്കളങ്കമായ മനസ്സിനെ ഈയൊരു വരിയിലൂടെ വ്യക്തമായി വരച്ചുകാട്ടിയിരിക്കുന്നു. മനസ്സിനെ നോവിക്കുന്ന കഥ(അല്ല ഇതുതന്നെയല്ലേ സത്യം?)

പുതുവര്‍ഷാശംസയോടൊപ്പം, ഒരുപാടു കഥകളീ കഥാവരമ്പത്ത് പിറവിയെടുക്കട്ടെ എന്നാശംസിക്കുന്നു.

കഥവരമ്പത്തൊരു നോക്കുകുത്തിയായി ഇന്നുമുതല്‍ ഞാനും കാണും :)

thabarakrahman said...

കഥ നന്നായിരിക്കുന്നു,
കണ്ണുനീര്‍ വീണു കുതിര്‍ന്ന
ജീവിത വഴികള്‍.
വ്യത്യസ്തമായ കഥ,
മനസ്സില്‍ തട്ടുന്ന വരികള്‍.
വീണ്ടും എഴുതുക.

Biju George said...

കൊള്ളാം ടീച്ചറെ...

Ranjith Chemmad / ചെമ്മാടന്‍ said...

വളരെ ലളിതമായി പറഞ്ഞു,

നല്ല കഥകൾ പിറക്കട്ടെ...

Joy Palakkal ജോയ്‌ പാലക്കല്‍ said...

മനോഹരമായ ഒരു കഥ!!!
പച്ചയായ ജീവിതത്തിന്റെ ആലേഖനം
ഹൃദയംനിറഞ്ഞ ആശംസകള്‍!!

പഞ്ചാരക്കുട്ടന്‍ said...

ഇത് ഒരു കഥയാണെങ്കിലും സ്വര്‍ണ്ണവും തീര്‍ന്നാല്‍ അവസാനം അവര്‍ എങ്ങനെ ജീവിക്കും എന്ന് ഓര്‍ക്കുമ്പോള്‍ സങ്കടം തോന്നുന്നു.കാരണം ഉറപ്പായിട്ടും എനിക്കറിയാം ഈ കഥയുടെ ബീജം ലഭിച്ചത് നടന്ന ഒരു സംഭവത്തെ ആസ്പദമാക്കിയാണെന്ന്.ഇതിലൂടെ കടന്നു പോയപ്പോള്‍ തോന്നിയതാണ്.

mini//മിനി said...

നല്ല കഥ, നല്ല വായനാനുഭവം.

മുരളി I Murali Nair said...

നല്ല കഥ..പക്ഷെ കഥാപാത്രങ്ങള്‍ മനസ്സിലേക്ക് പതിയുന്നില്ല എന്നൊരു തോന്നല്‍..
ഇനിയുമെഴുതൂ..

വരികളിലൂടെ... said...

good story

ഒരില വെറുതെ said...

നല്ല കഥ

ജെ പി വെട്ടിയാട്ടില്‍ said...

വെരി ഇന്ററസ്റ്റിങ്ങ്.

greetings from thrissivaperoor.
welcome for trichur pooram on may 12th.

Thooval.. said...

good..

കൊടികുത്തി said...

kathayalle jeevitham ...

congrats.........

Anvar Madathil said...

എളുപ്പം പണക്കാരാകാന്‍ കൊതിക്കുന്നവരുടെ അല്ലെങ്കില്‍ അതിനു വേണ്ടി തുനിഞ്ഞിരങ്ങുന്നവരെ , അവര്‍ പോന്നു കൊണ്ട് മൂടിയാലും ഭാര്യമാര്‍ അല്‍പ്പം ജാഗ്രത കാണിക്കണം.നായികയുടെ ,വേദന ബാങ്കിലും പിന്നെ മീന്‍ വാങ്ങുന്നിടത്തും നന്നായി അവതരിപ്പിച്ചു . എല്ലാ ഭാവുകങ്ങളും