Sunday, July 17, 2011

മേല്‍പ്പാലം

                          ''ഇന്ന് അനന്തേട്ടന്‍ നേരത്തേയാണല്ലോ.തണുപ്പൊന്നുമില്ലേ?''
          കിണറ്റില്‍ നിന്നും വെള്ളം കോരുന്നതിനിടയില്‍ അയല്‍ക്കാരി മാധവിയുടെ അന്വേഷണം.
                   ''ങാ,നേരത്തേ എണീറ്റതാ, തണുപ്പു കൂടുമ്പഴേ..ചൂടുകടലയ്ക്ക് സ്വാദും കൂടും'',
          പറഞ്ഞു തീര്‍ന്നില്ല,ചുമ ശല്യപ്പെടുത്തി.കമ്പിളിക്കുപ്പായം പൊതിഞ്ഞ മാറില്‍   വലതുകൈകൊണ്ടു          തടവിക്കൊണ്ട് അനന്തേട്ടന്‍ കാലുകള്‍ നീട്ടിവെച്ചു നടന്നു.
          പുലര്‍ച്ചെവണ്ടിയുടെ കൂവല്‍ ദൂരെനിന്നു കേള്‍ക്കുന്നുണ്ട്.ഗേറ്റ്മാന്‍ നാണു വിളിച്ചു പറഞ്ഞു,
                 ''ഞാന്‍ തുടങ്ങി,അനന്തേട്ടനും  തുടങ്ങിക്കോ..ഇതാ,ഇത് പിടിച്ചാട്ടെ'',
      ഗ്ലാസ്സിലെ ചായ മോന്തിക്കൊണ്ട്  ഫ്ലാസ്കില്‍ നിന്ന് മറ്റൊരു കപ്പിലേക്കുകൂടി ചായ പകര്‍ന്ന് നാണു അനന്തേട്ടന്റെ നേര്‍ക്കു നീട്ടി.   
         സ്റ്റൌവില്‍ തീ കത്തിച്ചുവെച്ച ശേഷം അനന്തേട്ടന്‍ ചായ കുടിക്കാന്‍ തുടങ്ങി.അടഞ്ഞ ഗേറ്റുകള്‍ ക്കിടയിലൂടെ അതിവേഗം ആദ്യവണ്ടി ചീറിപ്പാഞ്ഞു.സ്റ്റൌവിലെ നാളങ്ങള്‍ ഉലഞ്ഞുകത്തി.
      നാണു ഗേറ്റ് തുറന്നു.വാഹനത്തിരക്കില്ലാത്തപ്പോള്‍,ഉള്ളവയ്ക്ക് ധൃതിയുമില്ല!ഒന്നുരണ്ട്‌ ഓട്ടോ റിക്ഷകളും ഒരൊറ്റ കാറും സാവധാനമാണ്‌ പാളങ്ങള്‍ മുറിച്ചു കടന്നത്‌.
        ഇനി വേഗം നോക്കാം.ചുട്ടുപഴുത്ത മണലില്‍ നിലക്കടലമണികള്‍ തിരിഞ്ഞും മറിഞ്ഞും നീന്തിക്കളിച്ചു.അരിപ്പയിലെടുത്തു വൃത്തിയാക്കി,കടലാസില്‍ പൊതിഞ്ഞ് അനന്തേട്ടന്‍ നീട്ടി വിളിച്ചു,
       ''നാണ്വെ...''
   പൊതിയില്‍ പാതി കൈവെള്ളയിലിട്ടു തിരുമ്മി നാണു ഒരൊറ്റ ഊത്ത്... പിന്നെ,  കൈയില്‍ നിന്ന് ഓരോന്നെടുത്തു  കൊറിച്ചുകൊണ്ട് വേഗത്തില്‍ അകത്തേക്ക് പോയി.രണ്ടു മിനുട്ടിനകം തിരിച്ചു വന്നു.
        ''അനന്തേട്ടാ, തെക്കോട്ട്‌.''
  ഗേറ്റടഞ്ഞതും,കുതിച്ചെത്തിയ മാരുതി കാറിലെ മാന്യന്‍ നിരാശയോടെ ഗ്ലാസ്സുകള്‍ താഴ്ത്താന്‍  തുടങ്ങി.നാണുവേട്ടന്‍ ഇരുമ്പു ചട്ടുകം കൊണ്ട് ചീനച്ചട്ടിയില്‍ താളത്തില്‍ തട്ടി.സംഗതി ഫലിച്ചു!പിന്‍ വാതില്‍ തുറന്ന് ഒരു ചെറുപ്പക്കാരന്‍ പുറത്തിറങ്ങി.
       ''രണ്ടെണ്ണം.''
രണ്ടു പൊതി  കൊടുത്ത്, വലതുകൈനീട്ടി വാങ്ങിയ നോട്ട് കണ്ണുകളില്‍ ചേര്‍ത്തുവെച്ച ശേഷം അത് പെട്ടിയിലിട്ടു.
     ചിലരങ്ങനെയാണ്.പെട്ടെന്ന് തീരുമാനിക്കും.മറ്റു ചിലര്‍ക്ക് ചെറിയ കാര്യങ്ങള്‍ക്കു പോലും വലിയ ആലോചനയാണ്..തീരുമാനിക്കുമ്പോഴേക്കും നാണു തടസ്സം നീക്കും.പിന്നൊരു പോക്കായിരിക്കും.
    ഡബിള്‍ ലൈന്‍ വന്നതിനു ശേഷം നില മെച്ചപ്പെട്ടിട്ടുണ്ട്.പത്തോ പതിനഞ്ചോ മിനുട്ട് വണ്ടി നിര്‍ത്തി അലസരായിരിക്കുന്നവര്‍ക്ക് അനന്തേട്ടനെ കണ്ടില്ലെന്നു നടിക്കാനാവാറില്ല. വണ്ടി പതിയെ ഉന്തി പാത്രത്തില്‍ താളമടിച്ചുകൊണ്ട് അനന്തേട്ടന്‍ അപ്പോള്‍ അങ്ങോട്ടുമിങ്ങോട്ടും ഒരു പോക്കുവരവ്  നടത്തും.എന്തു ചെയ്യാം, ചിലര്‍ കുറേക്കൂടി മടിയന്മാരാണ്.  
                ഉച്ചയ്ക്കുശേഷം ഒരു കാറില്‍ നാലഞ്ചുപേര്‍  വന്നിറങ്ങി.ഗേറ്റിനിരുവശവും കുറച്ചു ദൂരത്തോളം നടന്നുനോക്കി.ഇരു ഭാഗത്തേക്കും കൈകള്‍ ചൂണ്ടി എന്തൊക്കെയോ അവര്‍ പറയുന്നുണ്ടായിരുന്നു.പിന്നെ വന്ന് നാണുവിനോട്‌ എന്തോ സംസാരിച്ചു.കാറില്‍ക്കയറി പോവുകയും ചെയ്തു.
           ''ആരാ നാണൂ അത്? ''
   ആകാംക്ഷയോടെ ചോദിച്ചു.
        ''നാടിന് നല്ലകാലം വരാന്‍ പോണൂ അനന്തേട്ടാ..മേല്‍പ്പാലം പണി തുടങ്ങാന്‍ പോകുന്നു.സ്ഥലം നോക്കാന്‍ വന്നവരാ.''
            നല്ലതു തന്നെ. നാട് വികസിക്കട്ടെ 
                      .....സര്‍ക്കാരു പണിക്കു  വേഗമില്ലെന്നാരു പറഞ്ഞു? എത്ര പെട്ടെന്നായിരുന്നു എല്ലാം..വീട്ടു മുറ്റങ്ങള്‍ ചെറുതാവുന്നു,നിര്‍മ്മാണ സാധനങ്ങള്‍ കുന്നു കൂടുന്നു, റോടരികിലെല്ലാം അന്യനാട്ടുകാരായ തൊഴിലാളികള്‍ പറ്റം ചേരുന്നു,വലിയ ശബ്ദത്തില്‍ സിമന്റു കുഴയ്ക്കുന്നു. 
        പാലത്തിന്റെ അസ്ഥികൂടം കണ്ടിട്ടുതന്നെ അനന്തേട്ടന്  ആശ്ചര്യം അടക്കാനായില്ല.പാലത്തിന്റെ അവസ്ഥ എന്തായിരിക്കും!
                ഒരു ദിവസം, രണ്ടു ഭീമന്‍ തൂണുകള്‍ക്കിടയിലെ സുരക്ഷിതമായ സ്ഥലത്ത് ഒരു നായ  പെറ്റു കിടക്കുന്നത് കണ്ടു.അമ്മയ്ക്കും മക്കള്‍ക്കും അവിടെ പരമ സുഖം! 
       അനന്തേട്ടനും സന്തോഷത്തിലാണ്.ഇപ്പോള്‍ വാഹനങ്ങളുടെയും ആളുകളുടെയും കാത്തിരിപ്പ് വീണ്ടും നീളുകയാണ്.ഓരോ ഗേറ്റടപ്പിലും  അനന്തേട്ടന്‍ രണ്ടോ മൂന്നോ തവണ പോക്കുവരവ് നടത്തും.നല്ല കച്ചവടം,അല്ല..നല്ലസമയം!പണിക്കാരും ഇപ്പോള്‍ ചങ്ങാതിമാരായി.
               പണിയൊക്കെ ഏതാണ്ട് തീര്‍ന്നു...മേല്‍പ്പാലമെന്ന ആ അത്ഭുതം അനന്തേട്ടനെ ഹരം പിടിപ്പിച്ചു കൊണ്ടിരുന്നു.പകല്‍ മുഴുവന്‍ കണ്ടോണ്ടിരുന്നാലും പിന്നെയും പിന്നെയും കാണാന്‍ കൊതി! ഈ ആശ്ച്ചര്യപ്പെടല്‍ കണ്ടു രസിച്ച് ഒരു ദിവസം നാണു പറഞ്ഞു,
          ''അല്ല അനന്തേട്ടാ,നിങ്ങള് താജ്മഹലോ കുത്തബ്മിനാരോ കണ്ടാപ്പിന്നെ എന്തായിരിക്കും പറയ്വാ.''
                ''എന്നാലും എന്റെ നാണൂ,പത്തിരുപത് ഭയങ്കരന്‍ കാലുമ്മ ഇതിങ്ങനെ നീണ്ടു നീര്‍ന്നു നിക്കുന്നത് കാണുമ്പം നിനക്കൊന്നും തോന്നുന്നില്ല? ''
         നാണു ചിരിച്ചു കൊണ്ട് വീണ്ടും ഗേറ്റടച്ചു.താളമേളശബ്ദഘോഷങ്ങളോടെ ഒരു ജീപ്പ് പെട്ടെന്നു വന്ന് ഗേറ്റിനു തൊട്ടടുത്ത് നിര്‍ത്തി.ഉച്ചഭാഷിണി നിര്‍ത്തി വണ്ടിക്കകത്തുള്ളവര്‍  വലിയൊരു നോട്ടീസെടുത്ത് അനന്തേട്ടന്റെ നേരെ നീട്ടി.കണ്ണടയില്ലാതെ അക്ഷരങ്ങള്‍ തെളിയുന്നില്ല.നാണുവിന്റെ കയ്യില്‍ കൊടുത്തു.അയാള്‍ ഉറക്കെ വായിച്ചു,
                   ''.........നാടിന്റെ ചിരകാല സ്വപ്നമായ മേല്‍പ്പാലം തുറന്ന് കൊടുക്കുന്നു....'' 
        ''എല്ലാരും വരുന്നുണ്ടല്ലോ.എംപീം, എമ്മെല്ലേം ഒക്കെ.മന്ത്രിയാ ഉത്ഘാടനം ചെയ്യുന്നേ..''
നാണു ഉത്സാഹത്തിലായിരുന്നു.
             അപ്പോഴാണ്‌ അനന്തേട്ടന്  ഒരു സംശയം വന്നത്,
                                ''അല്ല,നാണൂ..പാലം വന്നാപ്പിന്നെ നീയിവിടെ ഉണ്ടാവ്വോ?നിനക്ക് പിന്നിവിടെ എന്താ പണി?''
       ''ഇതടയുമ്പം തൊറക്ക്‌ന്ന വേറെ സ്ഥലത്ത് ഞാനുണ്ടാവും അനന്തേട്ടാ''  
                   ഉത്ഘാടന ദിവസം,അല്ല..ഉത്സവ ദിവസം വന്നെത്തി!എങ്ങും സന്തോഷ പ്രകടനങ്ങളും ആര്‍പ്പുവിളികളും..പൂമാല ചാര്‍ത്തിയ മന്ത്രി ചിരിച്ചു വിളങ്ങി.അനന്തേട്ടന്  തിരക്കോടു തിരക്ക്.കരുതിയ കടല മുഴുവന്‍ തീര്‍ന്നു.ഛെ,കുറെ കൂടുതല്‍ വാങ്ങി വെക്കാമായിരുന്നു.
      മന്ത്രി മടങ്ങി.ആളും ആരവവും അടങ്ങി.മൂളിപ്പാട്ടും പാടി അനന്തേട്ടന്‍ വീട്ടിലേക്കുള്ള വഴിയെ നടന്നു.
           രാവിലെ കടല നിറച്ച സഞ്ചിയുമായി വീണ്ടും അനന്തേട്ടന്‍  പുറപ്പെട്ടു.വണ്ടി ക്കടുത്തെത്തി.തീ കൂട്ടി.ചുട്ട മണലിലേക്ക്  കടലമണികള്‍ ഉരുണ്ടു വീണു.അനന്തേട്ടന്‍ ജോലി തുടങ്ങി.
         ''അനന്തേട്ടാ,''
 നാണുവിന്റെ വിളിയാണ്. 
         ''ഞാനിപ്പോള്‍ പോവും,വേറെ സ്ഥലത്ത് പണിയായി.കൊറച്ച് ദൂരം പോണം.നിങ്ങളെ ഒന്ന് കാണാന്ന് വിചാരിച്ച് നിന്നതാ.''
            ഒരു നിമിഷം കൊണ്ട് ഒറ്റപ്പെട്ടതുപോലെ അനന്തേട്ടന്  തോന്നി.
 ''ഇനിയെന്നാ  കാണ്വാ നമ്മള്?''
       കടലാസ് പൊതി കയ്യില്‍ വെച്ച് കൊടുത്തു കൊണ്ട് അത്രയേ പറഞ്ഞുള്ളൂ..
''എന്നാപ്പിന്നെ ശരി,അടുത്ത ബസ്സിനു പോണം.''
                   നാണു നടന്നു. 
                   വറചട്ടിയില്‍ ചട്ടുകമിട്ടിളക്കിക്കൊണ്ട്  അനന്തേട്ടന്‍ എന്തോ ചിന്തയില്‍ മുഴുകി.എത്രനെരമായോ ആവോ...മുകളിലൂടെ പോകുന്ന വണ്ടികളുടെ ഹോണടി ശബ്ദം മാത്രമേ കേള്‍ക്കുന്നുള്ളൂ.താനിവിടെ ഒറ്റയ്ക്ക്......?
         വണ്ടി മെല്ലെ ഉന്തി നോക്കി.അനങ്ങാനുള്ള മടിയോടെ ചക്രങ്ങള്‍ എന്തോ ശബ്ദമുണ്ടാക്കി.ശക്തമായി തള്ളി.ഹോ!..പാലത്തിന്റെ അറ്റത്തേക്ക് ഇത്ര ദൂരമുണ്ടെന്നു   ഇപ്പോഴാണ് അറിയുന്നത്.അവിടെ നില്‍പ്പുറപ്പിച്ചു ചട്ടുകം താളത്തില്‍ തട്ടി ശബ്ദമുണ്ടാക്കി ക്കൊന്ടിരുന്നു.
      റോഡിലൂടെ അതിവേഗത്തില്‍ വരുന്ന വാഹനങ്ങള്‍ ഒരു ചെറിയ ചാട്ടത്തോടെ പാലത്തില്‍ കയറുന്നു.സന്തോഷത്തോടെ ആള്‍ക്കാര്‍ ഇരുപുറത്തേക്കും നോക്കി സംസാരിക്കുന്നു. എന്തോ വിജയം നേടിയ ഭാവത്തില്‍ കയറിയിറങ്ങിപ്പോകുന്നു. പാലത്തിനു മുമ്പോ പിന്‍പോ എന്തെങ്കിലും സംഭവിച്ചിട്ടുള്ളതായി ആര്‍ക്കും തോന്നിയില്ല;അനന്തേട്ടനൊഴികെ....      

21 comments:

ഋതുസഞ്ജന said...

nice story

ponmalakkaran | പൊന്മളക്കാരന്‍ said...

നല്ലകഥ
അഭിനന്ദനങ്ങൾ.

ജെ പി വെട്ടിയാട്ടില്‍ said...

നന്നായിരിക്കുന്നു സുമാജീ..... എനിക്ക് ഒരു ഇതേ പേരില്‍ ഒരു കൂട്ടുകാരി ഉണ്ട്. ഞാന്‍ അവളെ സുമാജീ എന്നാ വിളിക്കുക.
അങ്ങിനെ മേല്‍പാലത്തില്‍ കൂടി നടന്നപ്പോള്‍ ആ സുമയെ ഞാന്‍ ഓര്‍ത്തു.
ഗോപിയേട്ടന്റെ ബ്ലോഗില്‍ നിന്നാ സുമാജിയെ കണ്ടത്. ഒന്ന് എത്തി നോക്കാമെന്ന് വിചാരിച്ചു.
എനിക്ക് വായനാശീലം കുറവാണ്.

സസ്നേഹം
ജെ പി - തൃശ്ശൂര്‍

Lipi Ranju said...

നല്ല കഥ, ഇഷ്ടായി ...

Mizhiyoram said...

നാട് പുരോഗമിക്കുന്നു എന്ന് നാം ഊറ്റം കൊള്ളുമ്പോഴും, ആ പുരോഗതിയിലും വേദനിക്കുന്ന ചില മനസ്സുകളുണ്ട്‌, അനന്തേട്ടനെ പോലെ. അത് കാണാനോ കണ്ടില്ലെന്നു നടിക്കാണോ നമുക്ക് കഴിയില്ല.
നന്നായി അവതരിപ്പിച്ചു. ഈ ടീച്ചര്‍ക്ക്‌ ഒരു വിദ്യാര്‍ഥിയുടെ
അഭിനന്ദനങ്ങള്‍.

ഒരു ദുബായിക്കാരന്‍ said...

നല്ല കഥ..ഇഷ്ടായി ടീച്ചറെ..ഇതുപോലെ കുറെ അനന്തേട്ടന്‍മാരെ കോഴിക്കോട് കണ്ണൂര്‍ ഹൈവയില്‍ കാണാറുണ്ട്..മേല്‍പാലങ്ങള്‍ വന്നതിനു ശേഷം അവര്‍ക്ക് എന്ത് സംഭവിച്ചു എന്ന് ഇതുവരെ ഓര്‍ത്തില്ല.ആ ഓര്‍മപ്പെടുത്തലിനു നന്ദി.

ഷൈജു.എ.എച്ച് said...

നല്ല കഥ.. ഒരു നാടന്‍ കഥ..അഭിനന്ദനങ്ങള്‍...

www.ettavattam.blogspot.com

Unknown said...

good one

Thabarak Rahman Saahini said...

റ്റീച്ചറേ ഈ പോസ്റ്റും
വളരെ നന്നായിട്ടുണ്ട്.

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ഒരു പാട് പറയുന്ന ഒരു കൊച്ചു കഥ!
ചിലര്‍ക്ക് നേട്ടങ്ങള്‍ കൈവരുമ്പോള്‍ അത് മറ്റുചിലര്‍ക്ക് എങ്ങനെ കോട്ടങ്ങള്‍ ഭവിക്കുന്നു എന്ന് വളരെ നൈര്‍മല്യത്തോടെ അവതരിപ്പിച്ചു
"ചിലരങ്ങനെയാണ്.പെട്ടെന്ന് തീരുമാനിക്കും.മറ്റു ചിലര്‍ക്ക് ചെറിയ കാര്യങ്ങള്‍ക്കു പോലും വലിയ ആലോചനയാണ്."
ഇത് വളരെ സത്യമാണ്.
മറ്റുചിലര്‍ ഒരു രൂപയ്ക്കു പോലും രണ്ടു മണിക്കൂര്‍ ആലോചിക്കും എന്നാല്‍ ഇവര്‍ തന്നെ ചില നേരങ്ങളില്‍ രണ്ടുലക്ഷം രൂപ ചിലവാക്കാന്‍ ഒരു നിമിഷം പോലും ആലോചിക്കില്ല എന്നതും നേര് .
ഈ കഥനരീതിയും ആശയവും വളരെ ഇഷ്ടമായി
ഭാവുകങ്ങള്‍

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...
This comment has been removed by the author.
ശങ്കരനാരായണന്‍ മലപ്പുറം said...

കഥ ഇഷ്ടായി!

എഡിറ്റർ said...

ടീച്ചർ പറയുന്ന കഥ കേൾക്കാൻ കൊതിക്കുന്ന ഒരു കുട്ടിയുടെ മനസ്സ് എല്ലാവരിലുമുണ്ട്.ഏറെ പ്രതീക്ഷയോടെയാണ് വായിച്ച് തുടങ്ങിയത്..പ്രതീക്ഷ അസ്ഥാനത്തായില്ല.അഭിനന്ദനങ്ങൾ.പിന്നെ “കഥവരമ്പത്തൂടെ” എന്നപേരിനു ഒരു വടക്കൻ ചുവ. ടീച്ചർ വടക്കായിരിക്കും. വായിക്കാൻ സുഖം “കഥവരമ്പിലൂടെ” എന്നാല്ലേ എന്നൊരു സംശയം.ഒരിക്കൽക്കൂടെ അഭിനന്ദനങ്ങൾ

രമേശ്‌ അരൂര്‍ said...

നന്നായി അവതരിപ്പിച്ച കഥ..:)

suma teacher said...

സ്നേഹിതരെ,
ഓരോരുത്തരുടെയും അഭിപ്രായം അതത് ദിവസം തന്നെ വായിച്ചിരുന്നു..കഥ വരമ്പത്ത് വന്നതിനും,അഭിപ്രായങ്ങളും,അഭിനന്ദ നങ്ങളും,അറിയിച്ചതിനും നന്ദി..അടുത്ത കഥയുമായി ഞാന്‍ വൈകാതെ എത്താം..അപ്പോഴും വരുമല്ലോ..എഴുത്തില്‍ എന്തെങ്കിലും പോരായ്മകള്‍ ഉണ്ടെങ്കില്‍ ചൂണ്ടി ക്കാണിക്കാനും,വിമര്‍ശിക്കാനും മടിക്കരുതേ...
സസ്നേഹം
സുമ ടീച്ചര്‍

വിനോദ് ജോര്‍ജ്ജ് said...

നല്ല കഥ.

Jeena said...

ഓരോ മാറ്റവും ഓരോ വേദനയാണ് അല്ലെ ടീച്ചറെ... മാറ്റങ്ങള്‍ ചിലരെ സന്തോഷിപ്പിക്കുമ്പോള്‍ മറ്റൊരാളെ സങ്കടപ്പെടുത്തുന്നു...
നന്നായിട്ടുണ്ട്...

Unknown said...

ഇവിടെ ആദ്യായിട്ടാണ് വരുന്നത് .
"അനാഥമാക്കപ്പെടുന്ന ദൈവങ്ങള്‍" അല്ലെ .
എത്ര അനന്തേട്ടന്‍ മാരുടെ മുകളിലൂടെയാണ് നമ്മളെല്ലാം തിരക്കുപിടിച്ചു പായുന്നത് എന്ന് ഒന്നാലോചിച്ചു പോയി
നല്ല കഥ ടീച്ചറെ .
സ്നേഹപൂര്‍വ്വം
അമന്‍

മേഘമല്‍ഹാര്‍(സുധീര്‍) said...

കഥ നന്നായി .കടല കച്ചവടത്തിന് പുലര്‍വേള യോജ്യമാണോ. സന്ധ്യക്കാണ്‌ സാധാരണ

Manoraj said...

കഥ കൊള്ളാം. നമ്മുടെ നാട്ടില്‍ ഇത്ര വേഗത്തിലൊക്കെ മേല്‍പ്പാലം പണിയും അല്ലേ ടീച്ചരേ.. എനിക്കൊക്കെ ഓര്‍മ്മ വെക്കുമ്പോഴോ മറ്റോ പണി തുടങ്ങിയതാ ഇടപ്പള്ളീ മേല്‍പ്പാലം :)

സുധി അറയ്ക്കൽ said...

നല്ല കഥ.ഇഷ്ടായി...ഒരു പാലവുമായി ബന്ധിപ്പിച്ച്‌ ഇങ്ങനെ ഒരു കഥ.ഭയങ്കര ഇഷ്ടായി.