Sunday, September 25, 2011

പോക്കറ്റടി

ച്ചഭക്ഷണം കഴിഞ്ഞ് ക്ലാസ്സ്മുറിയില്‍ എന്തോ ചില ഒരുക്കങ്ങള്‍.വേഗം കഴിച്ചു കഴിഞ്ഞ ചിലര്‍ ക്ലാസ്സിലെത്തിയിട്ടുണ്ട്. പിന്നാലെ ഓരോരുത്തര്‍ എത്തിക്കൊണ്ടിരിക്കുന്നുമുണ്ട്.
              പെട്ടെന്ന് പുറത്തുനിന്ന് ഒരാരവം.ആരവം അടുത്തടുത്ത് വരുന്നുണ്ട്.എന്താണെന്ന് ശങ്കിച്ചുനില്‍ക്കുന്നതിനിടയില്‍ അത് ക്ലാസ്സ് മുറിയിലേക്കുതന്നെയാണ് എത്തിക്കൊണ്ടിരിക്കുന്നതെന്നു  മനസ്സിലായി.
       ആരവം മാത്രമല്ല ഒരു ചെറിയ ജാഥ തന്നെയുണ്ട്‌. ''വാടാ..വാടാ''എന്നുറക്കെ വിളിച്ചുകൊണ്ട്  മുന്നില്‍ കിരണ്‍.കിരണിന്റെ തൊട്ടു പിന്നില്‍ തലയും താഴ്ത്തിപ്പിടിച്ച് കുറ്റവാളിയെപ്പോലെ അഭിലാഷ്.അഭിലാഷിന്റെ ഇരു കൈകളും ഇരു ഭാഗത്തുമായി മുറുകെപ്പിടിച്ചുകൊണ്ട് അഖിലും സനലും.ഇരുവരും വിജയ ഭാവത്തില്‍ തല ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ട്.
        എനിക്കൊന്നും മനസ്സിലായില്ല.
             ''എന്താ,എന്താ ഇതൊക്കെ?'' എന്ന് ചോദിക്കുമ്പോഴേക്കും പിന്നില്‍ നിന്ന സജേഷ് ഓടി മുന്നിലെത്തി.
             ''ടീച്ചറേ, പോക്കറ്റടിച്ചു!'' അവന്‍ കിതയ്ക്കുന്നുണ്ടായിരുന്നു.
         ''പോക്കറ്റടിച്ചോ? ആര്? എവിടെ?'' എനിക്കൊന്നും പിടി കിട്ടിയില്ല.
      ''സത്യമായിട്ടും അതേ ടീച്ചറേ,അഭിലാഷ് കിരണിന്റെ പോക്കറ്റടിച്ചു.'' സജേഷിനു പിന്തുണയുമായി കൂടുതല്‍ പേര്‍ സംസാരിക്കാനാരംഭിച്ചു.ആകെ ബഹളം.
             ''ശ്ശെ,നിര്‍ത്ത്'' ഞാന്‍ ഒച്ച വെച്ചു.
           ''എല്ലാവരും മിണ്ടാതെ അവരവരുടെ സീറ്റില്‍ പ്പോയിരിക്ക്.'' സംശയിച്ചു നിന്നവരെ നിര്‍ബന്ധിച്ച് പറഞ്ഞയച്ചു.  
            അഭിലാഷ് തല കുനിച്ച് അവിടെത്തന്നെ നില്‍പ്പാണ്.ക്ലാസ്സില്‍ നിശ്ശബ്ദത.ടീച്ചര്‍ എന്താണ് ചെയ്യാന്‍ പോകുന്നത് എന്നറിയാനുള്ള ആകാംക്ഷ എല്ലാ കണ്ണുകളിലും ഉണ്ട്.ഞാന്‍ കൈവിരലുകള്‍ കൊണ്ട് അവന്റെ താടി പിടിച്ചുയര്‍ത്തി.ഇപ്പോളാണവന്‍ എന്റെ നേരെ നോക്കിയത്.അവന് എന്തോ പറയാനുണ്ടെന്ന്  ആ കണ്ണുകളില്‍ നിന്ന് മനസ്സിലായി.
        ഞാന്‍ അവന്റെ വലംകയ്യില്‍  പിടിച്ചുകൊണ്ട്  തൊട്ടടുത്ത മുറിയിലേക്കു നടന്നു.അവിടെ യുണ്ടായിരുന്ന കസേരയിലിരുന്നുകൊണ്ട് ഞാന്‍ അവനെ ചേര്‍ത്തു പിടിച്ചു.
           ''അഭിലാഷ്,എന്താ കാര്യം?'' പതുക്കെയാണ് ചോദിച്ചത്.
ചോദിക്കാന്‍ ഇത്രയും സമയം കാത്തിരുന്നതുപോലെ പെട്ടെന്ന് അവന്‍ പറയാന്‍ തുടങ്ങി.
                  ''അതില്ലേ,ആങ്ങളെ* ജിത്തൂട്ടന്റെ വര്‍ത്ത്ട*ണ്ട്,നാറായ്ച്ച*...മാമനും ചിത്രച്ചേച്ചിമെല്ലാം സമ്മാനം കൊട്ക്ക്ന്ന്‌ണ്ട്, എക്കും കൊട്ക്കണം..  അയിനാന്  ഞാന്‍....''
                         പെട്ടെന്നവന്‍ നിര്‍ത്തി. 
              ''അതിന് നീ എന്ത് ചെയ്തു?..പറ..''  ഞാന്‍ തിരക്ക് കൂട്ടി.
   ''സമ്മാനം മേണിച്ചോട്ക്കാന്‍  പൈസ അച്ചന്‍ തന്നിറ്റ. അതോണ്ടാണ് ഞാന്‍ എട്ത്തിനി..കിരണ്‍ കഞ്ഞി കുടിക്കാനിര്ന്നപ്പം  ഓന്റെ  പേന്റിന്റെ വയ്യലത്തെ കീശേന്ന്,ഐന്റെ കയറ്‌ പൊറത്തേക്ക്  കണ്ടപ്പം ഞാന്‍ എട്ത്തു.'' സംഭവം അവന്‍ പൂര്‍ണമായി വിശദീകരിച്ചു.
       പോരല്ലോ,തൊണ്ടിസാധനം ഇനിയും കണ്ടിട്ടില്ല,
                ''എന്നിട്ട് നീ എടുത്ത സാധനം എവിടെ?''
          ആകാംക്ഷയോടെ  ഞാന്‍ വീണ്ടും ഇടപെട്ടു.    
                 അവന്‍ മടിച്ചുമടിച്ച് കൈ ട്രൌസറിന്റെ പോക്കറ്റിലേക്കു താഴ്ത്തി.വലിച്ചെടുത്തത് പച്ച നിറത്തിലുള്ള ഒരു വിസില്‍.അതിന്റെ അറ്റത്ത്‌ ഓറഞ്ചു നിറത്തിലുള്ള ചരട് തൂങ്ങിക്കിടപ്പുണ്ട്.
                              ഞാനത് എന്റെ കയ്യില്‍ വാങ്ങി.നോക്കിക്കൊണ്ടിരിക്കേ,അതൊരു വലിയ മിനുസമുള്ള വെള്ളാരങ്കല്ലായി മാറി.ഏതാണ്ടൊരുവര്‍ഷം മുമ്പ്,എനിക്കെന്റെ ചെറിയ മകന്റെ ട്രൌസര്‍ അലക്കാന്‍ വേണ്ടി  എടുത്തപ്പോള്‍ അതിന്റെ കീശയില്‍ നിന്നും കിട്ടിയതും,പിന്നീട് പല തവണ അവനത് അന്വേഷിച്ചു നടക്കുന്നത്‌ കണ്ടിട്ടും, തിരിച്ചു കൊടുക്കാതെ ഞാന്‍ ഒളിപ്പിച്ചു വെച്ചതും ആയിരുന്നു ആ വെള്ളാരങ്കല്ല്.   
 (*ആങ്ങളെ-ഞങ്ങളുടെ ,വര്‍ത്ത്ട-birth day, നാറായ്ച്ച-ഞായറാഴ്ച)
  

15 comments:

കൊമ്പന്‍ said...

നിഷ്കളങ്ക മനസ്സിന്റെ മോഹങ്ങളായിരുന്നു അവനെ കാക്കാന്‍ പ്രേരിപ്പിച്ചത് കുട്ടികള്‍ വലിയവരെ മാതൃക ആക്കി വളരും അവനെ കുറ്റപെടുത്താന്‍ നമുക്കാവില്ല അല്ലെ

പട്ടേപ്പാടം റാംജി said...

ലളിതമായ നിഷ്ക്കളങ്കമായ എഴുത്ത്‌.
വീണ്ടും വരാം.

ഒരു ദുബായിക്കാരന്‍ said...

ടീച്ചറെ കഥ നന്നായിട്ടുണ്ട്..കണ്ണൂര്‍ ഭാഷയും കൊള്ളാം!

ഓർമ്മകൾ said...

Teachere valare nalla ezhuthu... Othiri othiri ishtapettu....

ആമി said...

nice post........
ente school um frnds nem okke orma vannu...

Philip Verghese'Ariel' said...

ടീച്ചറെ കഥ നന്നായിപ്പറഞ്ഞു
അസ്സലായി! പക്ഷെ ആ ഒടുവില്‍
പ്പറഞ്ഞ പാഷ പിടിച്ചെടുക്കാന്‍
ഈ തെക്കെന്‍ തിരുവതാം കൂറുകാരന്‍
അല്‍പ്പം പണിപ്പെട്ടെന്നു പറഞ്ഞാല്‍
മതിയല്ലോ.
എഴുതുക. വരമ്പത്തിരിക്കാതെ
പാടത്തേക്കു ശരിക്കും ഇറങ്ങി
എഴുതുക വീണ്ടും വരാം
കേട്ടോ...
വളഞ്ഞവട്ടം ഏരിയല്‍ ഫിലിപ്
സിക്കന്ത്രാബാദ്

suma teacher said...

കൊമ്പന്‍,റാംജി,
ആദ്യ പ്രതികരണങ്ങള്‍ക്ക് ആദ്യമേ നന്ദി.. പ്രോത്സാഹനവുമായി എത്തിയല്ലോ,സന്തോഷം..
ദുബായിക്കാരന്‍,
ഇത് കണ്ണൂര്‍ ഭാഷയൊന്നും അല്ല കേട്ടോ,ബേക്കല്‍ കടപ്പുറത്തെ സാധാരണ മത്സ്യ ത്തൊഴിലാളികളുടെ ഭാഷയാണിത്..അവിടെ എന്റെ സ്കൂളിലെ കുട്ടികളില്‍ നിന്നാണ് ഈ ഭാഷ എനിക്ക് കിട്ടിയത്..
ഓര്‍മ്മകള്‍,ആമി,
പ്രതികരണങ്ങളുമായി ഇനിയും വരണേ...
ഫിലിപ്പ്,
കഥ വരമ്പത്തുനിന്നും പാടത്തേക്ക് ഇറങ്ങാന്‍ മോഹമുണ്ട്...ആചെളിയില്‍ കാലു കുത്താനും വേണ്ടേ ഒരു ഭാഗ്യം!നോക്കാം...
...........ഇങ്ങനെ എന്തെല്ലാം ഭാഷാ ഭേദങ്ങള്‍,ഈ കൊച്ചു കേരളത്തില്‍... വടക്കനും,തിരുവിതാം കൂറനും,..അങ്ങനെ അങ്ങനെ...

വേണുഗോപാല്‍ said...

അസ്സല്‍ എഴുത്ത് ,,,,അല്‍പ സമയം ഞാനും എന്റെ ബാല്യത്തിലേക്കും, സ്ക്കൂളിലെക്കും , കൂട്ടുകാരിലേക്കും ഒക്കെ ചെന്നെത്തി.... ആശംസകള്‍ ടീച്ചറെ .... ഇനിയും വരാം

ഇസ്മായില്‍ കുറുമ്പടി (തണല്‍) said...

'മകന്റെ ട്രൌസര്‍ അലക്കാന്‍ വേണ്ടി എടുത്തപ്പോള്‍ അതിന്റെ കീശയില്‍ നിന്നും കിട്ടിയതും,പിന്നീട് പല തവണ അവനത് അന്വേഷിച്ചു നടക്കുന്നത്‌ കണ്ടിട്ടും, തിരിച്ചു കൊടുക്കാതെ ഞാന്‍ ഒളിപ്പിച്ചു വെച്ചതും ....'
കള്ളി...പെരുംകള്ളി.പിള്ളാരോടൊക്കെ ഇങ്ങനെ ചെയ്യാമോ?

MyDreams said...

നന്നായിട്ടോ .......കുഞ്ഞു കാര്യത്തില്‍ ഒരു വലിയ വെള്ളാരങ്കല്ല് ഒളിപ്പിച്ചു വെച്ചിരിക്കുന്നു

NOTEBOOK said...

ഈ കുട്ടാഴ്മക്ക്എല്ലാവിധ ആശംസകളും...........
എ.യു.പി .സ്കൂള്‍ ചിറ്റിലഞ്ചേരി

ഞങളുടെ സ്കൂള്‍ ബ്ലോഗ്‌ വിസിറ്റ് ചെയ്യുക.

www.aupsnotebook.blogspot.com

മഹറൂഫ് പാട്ടില്ലത്ത് said...

ടീച്ചറെ കഥ നന്നായി, നിഷ്കളങ്കഭാവമുള്ള കഥ .........നന്നായിട്ടുണ്ട് ആശംസകള്‍

ഷൈജു.എ.എച്ച് said...

നിഷ്കളങ്കമായ കുട്ടിത്തത്തിന്റെ കള്ളത്തരങ്ങള്‍..

നിഷ്കളങ്കമായ കുട്ടിത്തത്തിന്റെ വിജയാഘോഷങ്ങള്‍...

ഇതു വായിക്കുമ്പോള്‍ എന്റെ കലാലയ വരാന്തകളിലേക്ക്

ഞാനും പഴയ കൂട്ടുകാരെ തേടി പോയി...

കുട്ടിയുടെ ഭാഷ എളുപ്പം ഇല്ല കേട്ടോ...

ഇഷ്ട്ടമായി...ആശംസകള്‍ നേരുന്നു..

www.ettavattam.blogspot.com

Cv Thankappan said...

കുഞ്ഞുങ്ങളുടെ മനസ്സിലെ നിഷ്കളങ്കഭാവം തുറന്നുകാട്ടുന്ന നല്ലൊരെഴുത്ത്.
ആശംസകള്‍ ടീച്ചര്‍

alexander said...

കഥയെഴുത്തിന്റെ ലളിത ഭാവങ്ങൾ ..നന്നായി ടീച്ചറേ ..